About Me

My photo
THIRUVANANTHAPURAM, Kerala, India

28 January, 2022

കാവ്യാഞ്ചലി

 കാവ്യാഞ്ചലി


ഇനിയില്ല, സഖാവേ വിളികളും, കാല്പനികതയുടെ വാക്കും വരകളും, 

ഇനിയില്ല, വെളുത്ത പനിനീർ പൂക്കുന്ന നിൻ്റെ പൂന്തോട്ടങ്ങൾ.

ഇനിയില്ല നിൻ്റെ ചങ്ങാത്തങ്ങളും, കാലദേശങ്ങൾക്ക് വഴങ്ങാത്ത അടുപ്പവും,

ഇനിയില്ല, നിൻ്റെ സൗഹൃദ കൂട്ടങ്ങൾ, ഇഴയറ്റ മനസ്സുകൾ മാത്രം,

ഈ യാത്രയിൽ എങ്ങനെയോ ഒത്തു ചേർന്നവർ, നമ്മൾ

ഇടയ്ക്ക് ചിലർ യാത്ര പറഞ്ഞിറങ്ങി,

മറ്റു ചിലർ ദിശകൾ മാറി,

എന്നിട്ടും നിയതമായ സഞ്ചാര പഥങ്ങളിൽ, 

ലക്ഷ്യത്തെ മാത്രം വിച്ചാരപ്പെടാതെ

സ്വച്ഛമായി ഒഴുകി നടക്കവേ,

ഒരു യാത്രപോലും പറയാതെ സഖാവെന്തേ പോയ് മറഞ്ഞു, 

ഏകയായി എന്തേ യാത്ര പോയി, 

ഒപ്പമുണ്ടായിരുന്നപ്പോൾ നീ ഏകിയ വെളിച്ചത്തിനെന്തൊരു വെളിച്ചമായിരുന്ന്,

അതണഞ്ഞപ്പോൾ പരന്ന ഇരുട്ടിൻ്റെ ചുഴിയിൽ ആഴത്തിൽപെട്ടുഴലുന്ന  കൂട്ടുകൾ,

ഇനിയില്ല നിൻ്റെ പ്രചോദനവും, സ്വപ്നവും, ചിന്തയും,

ഇനിയില്ല നിൻ്റെ വാക്കും വരകളും, ഇനിയില്ല ഇനിയില്ല എന്ന് മനപ്പാഠം

ചൊല്ലി പഠിപ്പിച്ചു ഞാനെൻ്റെ ഉള്ളിനെ,

സഖാവേ നിനക്കുള്ള കാവ്യാഞ്ചലിയിൽ,

വാക്കുകൾ വിതുമ്പുബോൾ

കുറിക്കട്ടെ നിനക്കേറ്റം പ്രിയമുള്ളോരാ വരികൾ,

അരികിലുണ്ടാകുമെന്നും അരികത്തിരിക്കുമെന്നും

മനസ്സ് മന്ത്രിചതോർത്തപ്പോൾ

അകലേക്ക് പാറി പറന്ന തോഴി

നേരുന്നു നിനക്ക് കണ്ണീരിൽ കുതിർന്നൊരു യാത്രാമൊഴി.


ലാൽസലാം സഖാവേ

29 September, 2020

ചുവന്ന പുലരി

 

ആഹാരം മൂലം കല്തുറങ്കിലടക്കാതിരിക്കുവാൻ,
തൊഴിലിടങ്ങൾ കശാപ്പ്ചെയ്യാതിരിക്കുവാൻ,
വർഗ്ഗീയ വിത്തുകൾ മുളക്കാതിരിക്കുവാൻ,
പിറന്ന് പോയ വർണ്ണം മൂലം സ്വയം ഹത്യ ചെയ്സാതിരിക്കാൻ,
തെരുവ് നാല്കാലികൾ വഴി മുടക്കാതിരിക്കുവാൻ,
കലാലയങ്ങൾ നാളെ അമ്പലങ്ങളായി മാറാതിരിക്കുവാൻ,
വിശ്വസിച്ച മതം മൂലം മാത്രം തൂക്കിലേറ്റപ്പെടാതിരിക്കാൻ,
ചിന്തകൾ നിരോധിക്കപ്പെടാതിരിക്കുവാൻ,
കാത്തിരിക്കാം ചോരകൊണ്ടല്ലാതെ ചുവക്കുന്ന പുലരികൾക്കായി.

പോരാട്ടം

പന്തീരാണ്ട് കൊല്ലം പഴകിയ

പുരാണേതിഹാസത്തിൽ

യുദ്ധതന്ത്ര കുതന്ത്രങ്ങളുടെ

ചക്രവ്യൂഹത്തിൽ അകപ്പെട്ട

ദ്വാപരയുഗത്തിലെ ഫൽഗുന പുത്രാ

നീയിന്നറിഞ്ഞോ കലിയുഗത്തിലെ

അഭിമന്യൂവിനെ പറ്റി.

 

പ്രസന്ന വദനനായ യുവത്വത്തെ

ജാതിക്കോമര രാഷ്ട്രീയത്തിൽ

പുഴുത്തു നാറിയ പ്രസ്ഥാനങ്ങൾക്കായി

ഇരുൾ മൂടിയ രാവിന്റെ മറവിൽ

നിർദ്ദയ ചക്രവ്യൂഹത്തിനുള്ളിൽ

കഠാരമുനയാൽ മാറു പിളർന്നപ്പോൾ

കൈയടിച്ചും കൊടി പിടിച്ചും

കൊണ്ടും കൊടുത്തും വളർത്തിയതൊക്കെയും

എന്നേ മരിച്ചു മണ്ണടഞ്ഞിരിന്നു.

 

വായുവിൽ ചുഴറ്റിയെറിഞ്ഞ മുഷ്ടികൾ

നമ്മെ ഒത്തൊരുമയിൽ നിർത്തണ്ണം.

ബലി കൊടുത്ത് ബലി കൊടുത്ത് നേടിയ മോചനം

ഇനിയുമെത്ര ബലി കെടുത്ത് വീടണം.

സമത്വസുന്ദര സ്വപ്നത്തിനായി

പോരാടണം നമ്മൾ എന്നാലും

നിണമൊഴുക്കിയ വിപ്ലവങ്ങളെ പടിയടച്ച് തളളണം,

അസമത്വം അസ്തമിക്കും നാൾ വരെ

തുടരണമീ പോരാട്ടം, ആശയങ്ങളുടെ പോരാട്ടം.

ഭരണകൂട കൊലപാതങ്ങൾ

 

വളരെ പ്രസിദ്ധമായ money heist വെബ് സീരീസിൽ കുറ്റവാളികൾക്ക് അനുകൂലമായ ഒരു വികാരം ജനങ്ങളിൽ അവർ വളർത്തി എടുക്കുന്നതിൽ നല്ലൊരു പരിധി വരെ അവർ വിജയിക്കുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥക്ക് എതിരെയുള്ള വികാരമായി അതിനെ കാണാം.

 

പറഞ്ഞു വരുന്നത് നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന ഏറ്റുമുട്ടൽ വാർത്തകളെ കുറിച്ചാണ്. അത്തരത്തിൽ നിലവിലുള്ള വ്യവസ്ഥയിൽ വിശ്വാസം നഷടപ്പെട്ടു എന്ന് ഒരു വികാരം വളർന്നു വരുന്നുണ്ട്. ഏറ്റുമുട്ടൽ കൊലപാതങ്ങൾ ഒരു കാരണവശാലും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഏറ്റുമുട്ടൽ കൊലപാതങ്ങൾ വഴി നീതി നടപ്പിലായി എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങൾ. അത്തരത്തിൽ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ. ഒരു കുറ്റകൃത്യം നടന്നാൽ, കുറ്റവാളികൾക്കെതിരെ ഉള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതികൾ ആണ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷാവിധി പുറപ്പെടുവിക്കേണ്ട്‌ത്. ആ പണി ഭരണകൂടം ചെയ്യുന്നത് ഭരണകൂട ഭീകരിതയാണ്. കുറ്റം തെളിയിക്കേണ്ടത് കോടതി വിചാരണകളിലൂടെ ആണ് അല്ലാതെ മാധ്യമ വിചാരണകളിലൂടെ അല്ല. നീതി ന്യായ വ്യസ്ഥയിൽ വിശ്വാസം നഷ്ടപ്പെടുന്ന ജനങ്ങൾ പോലീസ് ഏറ്റുമുട്ടൽ കൊലപാതങ്ങൾ അംഗീകരിക്കുന്നത് ഒരു വലിയ വിപത്തിനെയാണ് വളർത്തി എടുക്കുന്നത്. ഒരു പരിധി വരെ ആക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാകുന്നതും ഇതേ കാരണങ്ങൾ കൊണ്ടാണ്. ഏറ്റുമുട്ടൽ കൊലപാതങ്ങൾ ഭരണകൂട കൊലപാതങ്ങൾ ആകാം. ചിലപോഴെങ്കിലും യാഥാർത്ത പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ ഉന്നത ബന്ധങ്ങൾ പുറത്ത് വരാതിരിക്കുവാനോ, അല്ലെങ്കിൽ ജനശ്രദ്ധ തിരിച്ചു വിടുന്നതിനോ ആകാം. ഇന്ന് നാം ഇതിനെ അംഗീകരിച്ചാൽ നാളെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത് ഞാനോ നിങ്ങളോ ആകാം.

കൊലപാതക രാഷ്ട്രീയം

കൊലപാതകം അത് രാഷ്ട്രീയമായലും അല്ലെങ്കിലും മനുഷ്യൻ മനുഷ്യനോട് തന്നെ ചെയ്യുന്ന വളരെ നീചമായ പ്രവൃത്തിയാണ്. മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ്. കൊല്ലപ്പെട്ടത് സഖാവാണ് എന്നത് കൊണ്ട് അതിന്റെ വൈകാരിക തലത്തിൽ വ്യത്യാസം വരുന്നില്ല. കമ്മ്യൂണിസ്റ്റോ കോൺഗ്രസോ ലീഗോ ബി ജെ പിയോ ആർ എസ് എസോ ആരയാലും, ഒരു മനുഷ്യനാണ് കൊല്ലപ്പെട്ടത്.

എന്ത് കൊണ്ടിങ്ങനെ ചിലർ കൊല്ലപ്പെടുന്നു എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു. ഞങ്ങളുടെ അറിവോടെയല്ലാ എന്നു നേതാക്കൾക്ക് കൈ കഴുകുവാൻ സാധിക്കില്ല. നിങ്ങളുടെയൊന്നും മൗനാനുവാദം ഇല്ലാതെ അനുയായികൾ ഇത് ചെയ്യില്ല. മറിച്ചാണെങ്കിൽ അച്ചടക്കത്തോടെ അണികളെ കൊണ്ടുനടക്കാൻ സാധിക്കാത്ത നിങ്ങളൊക്കെ നേതൃഗുണം ഇല്ലാത്തവരാണ് എന്ന് അംഗീകരിക്കണം . പാർട്ടിക്ക് ഒരു രക്തസാക്ഷി കൂടി ആകുമ്പോൾ മകൻ നഷ്ടപ്പെടുന്ന ഒരു അച്ഛനുമമ്മയും, അകലത്തിൽ വിധവയാകേണ്ടി വന്ന ഒരു ഭാര്യയും അച്ഛൻ നഷ്ടപ്പെടുന്ന മക്കളും ഈ സമൂഹത്തിൽ ബാക്കി വരുന്നുണ്ട്. ഇവരുടെ തുടർന്നുളള ദുരിത പൂർണ്ണമായ ജീവിതത്തിന് ആര് സമാധാനം പറയും.

ഇരുട്ടിന്റെ മറവിൽ ആൾബലം കൊണ്ട് കഠാര മുന കൊണ്ടും വാൾ തലം കൊണ്ടും ഒരു ജീവനെടുക്കാൻ കൂട്ട് നിൽക്കുന്നത് ഏതു പ്രസ്ഥനമായാലും തള്ളി പറയുക തന്നെ വേണം. പകരത്തിന് പകരം എന്ന തരത്തിൽ ചിന്തിക്കുന്നത് തന്നെ അപഹാസ്യമാണ്, മനുഷ്യത്വ രഹിതവും ആണ്‌. നമ്മളൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതാൻ വയ്യ എന്നായി. വളരെ പ്രാകൃതം ആണ് നമ്മുടെ രാഷ്ട്രീയമായ പ്രവൃത്തികൾ എന്ന് പറയാതെ വയ്യ. മറ്റവർ കൊന്നു തള്ളിയ അത്രെയൊന്നും ഞങ്ങൾ ആരും കൊന്നിട്ടില്ല എന്ന് പറയുന്നവരോട് കടക്ക് പുറത്ത് എന്ന് തന്നെ പറയണം.

ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടണം എന്ന അടിസ്ഥാന തത്വങ്ങൾ ആരാണ് ഇവരെയൊക്കെ പഠിപ്പിക്കുക. രാഷ്ട്രീയ പരമായുള്ള വെറുപ്പും വിദ്വേഷവും ഒന്നും കൊലപാതകങ്ങൾ കൊണ്ട് പരിഹരിക്കാൻ സാധിക്കുകയില്ല. സഹനമാണ് സമര മുറ, അല്ലാതെ കല്ലും, കുറിവടിയും, കഠാരയും, വാളും വാക്കത്തിയൊന്നുമല്ല.

#" മൂർച്ചയുളള ആയുധങ്ങൾ അല്ല പോരിൻ ആശ്രയം

ചേർച്ചയുളള മാനസങ്ങൾ തന്നെയാണ് അതോർക്കണം"